
സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ കാസർഗോഡ് ആയംകടവ് പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. പുല്ലൂർപെരിയ, ബേഡഡുക്ക പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ആയംകടവ് പാലം. ജാസ്മിൻ കൺസ്ട്രഷൻസ് ആണ് കരാറുകാർ. മലബാറിന്റെ ടൂറിസം ഭൂപടത്തിൽ ആയംകടവ് പാലം ഇടംപിടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രണ്ടു മലകളെ തമ്മിൽ ബന്ധിപ്പിച്ച് മരങ്ങളെക്കാൾ ഉയരത്തിലാണ് ആയംകടവ് പാലം തലയുയർത്തി നിൽക്കുന്നത്. 24 മീറ്റർ ഉയരത്തിലും 180 മീറ്റർ നീളത്തിലുമാണ് പാലത്തിന്റെ നിർമ്മാണം. പാലത്തിനോട് ചേർന്ന് പുഴയിൽ ടൂറിസം സാധ്യതകളും യാഥാർത്ഥ്യമാകുമെന്ന് പാലം ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നിർമ്മാണ ഘട്ടത്തിൽ ഉയരം തീർത്ത പ്രതിസന്ധികളെ അതിജീവിച്ചാണ് കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലമായി ആയംകടവ് പാലം യാഥാർത്ഥ്യമായത്. ദേശീയപാതയിലെ പെരിയ ബസാറിൽ നിന്ന് എട്ടു മിനിറ്റ് കൊണ്ട് ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂരിലേക്ക് ഇതുവഴി എത്താനാകും. പാലത്തിനും റോഡിനുമായി പ്രതിഫലം വാങ്ങാതെയാണ് നാട്ടുകാർ സ്ഥലംവിട്ടു നൽകിയിരുന്നത്.