നാടിനു സമർപ്പിച്ച പയംകുറ്റിമല വിനോദസഞ്ചാര കേന്ദ്രം.
വടകര ∙ ടൂറിസം വകുപ്പ് 2.15 കോടി രൂപ ചെലവഴിച്ച് നവീകരിച്ച പയംകുറ്റിമല വിനോദസഞ്ചാര കേന്ദ്രം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി നാടിന് സമർപ്പിച്ചു. പാറക്കൽ അബ്ദുല്ല എംഎൽഎ അധ്യക്ഷത വഹിച്ചു. കെ.മുരളീധരൻ എംപി, ജില്ല പഞ്ചായത്ത് അംഗം കെ.വി.റീന, വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിജുള, ബ്ലോക്ക് പഞ്ചായത്ത് അംഗം സുബീഷ് പുതിയെടുത്ത്, പഞ്ചായത്ത് അംഗം കെ. ഗോപാലൻ, പി.ബാലകിരൺ, റാണി ജോർജ്, ഡിടിപിസി സെക്രട്ടറി സി.ബീന, കൊടക്കാട്ട് ബാബു, പി.പി.രാജൻ എന്നിവർ പ്രസംഗിച്ചു. സമുദ്രനിരപ്പിൽനിന്നു 2000 അടി ഉയരത്തിലുള്ള പയംകുറ്റിമല ആകർഷകമായ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. നടപ്പാതയും ഗ്രൗണ്ടും കട്ട പാകി നവീകരിച്ചു. ഇരിപ്പിടങ്ങൾ സ്ഥാപിക്കുകയും മുകൾഭാഗത്ത് വിളക്കുകളും ഉദയാസ്തമയ കാഴ്ചകൾ കാണാൻ ഗാലറിയും വ്യൂ പോയിന്റുമുണ്ട്