Advertisemen
തിരുവല്ല നിരണം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ആരോഗ്യമന്ത്രി കെ കെ ശൈലജ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും മാതൃകാപരമായ പ്രവർത്തനങ്ങളാണു കാഴ്ചവയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിൽ ജനങ്ങളിൽ വമ്പിച്ച ആവേശമാണുള്ളത്. ഒരുപാടുപേർ സഹായവുമായി എത്തുന്നുണ്ട്. കോവിഡ് നമ്മൈ വിട്ടുപോയിട്ടില്ല. ജനങ്ങൾ ജാഗ്രത തുടരണമെന്നും ആരോഗ്യ പ്രവർത്തകരോട് സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. മാത്യു ടി തോമസ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 1.6 കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചത്. കുടുംബാരോഗ്യ കേന്ദ്രമായി പ്രവർത്തനമാരംഭിക്കുന്ന ആശുപത്രിയിൽ ഡോക്ടർമാരുടെ സേവനം വൈകിട്ട് ആറുവരെ ലഭ്യമാകും. വൈകിട്ട് ആറുവരെ ഒപി സൗകര്യവും, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലബോറട്ടറി, ഫാർമസി, ശിശുസൗഹൃദ പ്രതിരോധ കുത്തിവെപ്പ് കേന്ദ്രം, പൊതുജനാരോഗ്യ വിഭാഗം, ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക ക്ലിനിക്ക്, വയോജനങ്ങൾക്കും കൗമാരക്കാർക്കും പ്രത്യേക ക്ലിനിക്ക്, പെയിൻ ആൻഡ് പാലിയേറ്റീവ് വിഭാഗം, ഇ- ഹെൽത്ത് പ്രോഗ്രാം എന്നിവ ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്. മാത്യു ടി തോമസ് എംഎൽഎ അധ്യക്ഷനായി. നിരണം പഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എ എൽ ഷീജ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എബി സുഷൻ, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിമല രാമചന്ദ്രൻ, ആരോഗ്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എച്ച് ഷമീന, ആർദ്രം മിഷൻ അസി. നോഡൽ ഓഫീസർ ഡോ.സി ജി ശ്രീരാജ്, നിരണം മെഡിക്കൽ ഓഫീസർ ഡോ.ബിംബി ഹരിഹരദാസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു
Advertisemen