തൃശൂര്‍ : ചാലക്കുടി നഗരസഭയിലെ 23ാം വാര്‍ഡിലെ നവീകരിച്ച കണ്ണന്‍കുളം കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ണും ജലവും സംരക്ഷിച്ച് കാര്‍ഷിക മേഖലയെ സംരക്ഷിക്കുകയെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇതിന്റെ ഭാഗമാമായി സംസ്ഥാന കൃഷി വകുപ്പ് ആവിഷ്‌ക്കരിച്ച സഹസ്ര സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കണ്ണന്‍കുളം നവീകരണം പൂര്‍ത്തീകരണത്തിന് ഭരണാനുമതി ലഭ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു. 63.76 ലക്ഷം രൂപ അടങ്കല്‍ തുക വരുന്ന പ്രസ്തുത പ്രവൃത്തിയില്‍ കുളത്തിന്റെ പാര്‍ശ്വഭിത്തി നിര്‍മ്മാണം, കൈവരികള്‍, നടപ്പാത, കുളിക്കടവ്, സോളാര്‍ ലൈറ്റ് തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിരുന്നത്. നവീകരണം പൂര്‍ത്തീകരിച്ച കുളത്തിന്റെ സമര്‍പ്പണവും മത്സ്യക്കുഞ്ഞുങ്ങളുടെ നിക്ഷേപവും മന്ത്രി നിര്‍വ്വഹിച്ചു.
ബി.ഡി.ദേവസ്സി എം.എല്‍.എ ഓണ്‍ലൈനിലൂടെ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, കെ.എല്‍.ഡി.സി.ചെയര്‍മാന്‍ പി.വി. സത്യനേശന്‍, പ്രതിപക്ഷ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ വി.ഒ.പൈലപ്പന്‍, കൗണ്‍സിലര്‍ കെ.എം.ഹരിനാരായണന്‍, വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു ശശികുമാര്‍, ഇടമലയാര്‍ പ്രോജക്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വിത്സന്‍, ഫിഷറീസ് ഡിപ്പാര്‍ട്ടമെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി.സുഗന്ധകുമാരി തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡിലെ വിവേകാനന്ദ നഗറിനേയും ഗോള്‍ഡന്‍ നഗറിനേയും ബന്ധിപ്പിക്കുന്നതിനായി സൗജന്യമായി സ്ഥലം വിട്ട് നല്‍കിയ എബ്രഹാമിനെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു