
കാസര്‍കോട് : ഉത്സവാന്തരീക്ഷത്തില്‍ മുല്ലച്ചേരി പാലം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നാടിന് സമര്‍പ്പിച്ചു. ചെണ്ടമേളങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയായിരുന്നു ഉദ്ഘാടനം. ഉദുമ മുല്ലച്ചേരി-മൈലാട്ടി റോഡില്‍ മുല്ലച്ചേരി തോടിനു കുറുകെ ഉദുമയെയും മൈലാട്ടിയെയും ബന്ധിപ്പിച്ചു നിര്‍മ്മിച്ചതാണ് ഈ പാലം. ഉദുമ നിവാസികളുടെ ദീര്‍ഘകാല സ്വപ്നത്തിന് ആണ് ഇതോടെ സാക്ഷാത്കാരമായത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 514 പാലങ്ങളാണ് സംസ്ഥാനത്ത് ഒട്ടാകെ നിര്‍മ്മിക്കുന്നതെന്ന് മന്ത്രി ജി സുധാകരന്‍ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പറഞ്ഞു. ഇത് പൊതുമരാമത്ത് മേഖലയിലെ റേക്കോര്‍ഡ് നേട്ടമാണ്. മൂന്ന് കോടി രൂപ ചെലവില്‍ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മുല്ലച്ചേരി പാലം യഥാര്‍ത്ഥ്യമാക്കിയത്. കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് നബാര്‍ഡ് വര്‍ഷം തോറും 100-120 കോടി രൂപ അനുവദിക്കുന്നുണ്ട്. ഇതില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് പാലം യഥാര്‍ത്ഥ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. സമയബന്ധിതമായി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീയാക്കാന്‍ സാധിച്ചത് ഈ സര്‍ക്കാറിന്റെ നേട്ടമാണെന്ന് റവന്യു മന്ത്രി പറഞ്ഞു. പാലം നിര്‍മ്മിക്കാന്‍ സ്ഥലം വിട്ടു നല്‍കാന്‍ തയ്യാറായ നാട്ടുകാരുടെ മനോഭാവം വികസനത്തിന് അനുകൂലമാണെന്നും മന്ത്രി പറഞ്ഞു