Advertisemen
പൊന്നാനി അറബിക്കടലിന്റെ തീരനഗരമായ പൊന്നാനിയുടെ ആരോഗ്യമേഖലയിൽ കുതിപ്പായി മാതൃ ശിശു ആശുപത്രി. ഉത്സവാന്തരീക്ഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയുടെ ഉദ‌്ഘാടനം നിർവഹിച്ചു. ചടങ്ങിനെത്തിയ ആബാലവൃദ്ധം അദ്ദേഹത്തെ കരഘോഷത്തോടെ എതിരേറ്റു. സ‌്പീക്കർ പി ശ്രീരാമകൃഷ്ണൻ അധ്യക്ഷനായി. ശീതീകരിച്ച ഓപറേഷൻ തിയറ്റർ കോംപ്ലക്സിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ കെ ശൈലജയും കാരുണ്യ ഫാർമസിയുടെ ഉദ്ഘാടനം മന്ത്രി കെ ടി ജലീലും നിർവഹിച്ചു. മുൻമന്ത്രി പാലോളി മുഹമ്മദ്കുട്ടി വിശിഷ്ടാതിഥിയായി. ഭിന്നശേഷിക്കാരായ 650 പേർക്ക‌് സഹായ ഉപകരണങ്ങൾ മന്ത്രി കെ കെ ശൈലജ വിതരണംചെയ‌്തു. ആരോഗ്യ വകുപ്പ് ഡയറക്ടർ ആർ എൽ സരിത റിപ്പോർട്ടവതരിപ്പിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് പി എം ആറ്റുണ്ണി തങ്ങൾ, ജില്ലാ മെഡിക്കൽ ഓഫീസർ കെ സെക്കീന, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ‌് അഡ്വ. ഇ സിന്ധു, ജില്ലാ പഞ്ചായത്തംഗങ്ങളായ എം ബി ഫൈസൽ, സെമീറ ഇളയേടത്ത്, ആരോഗ്യ സ്റ്റാന്‍ഡിങ‌് കമ്മിറ്റി ചെയർമാൻ അഷ്റഫ് പറമ്പിൽ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി എം സിദ്ദീഖ് എന്നിവർ സംസാരിച്ചു. നഗരസഭാ ചെയർമാൻ സി പി മുഹമ്മദ്കുഞ്ഞി സ്വാഗതവും ആശുപത്രി സൂപ്രണ്ട് ആശ നന്ദിയും പറഞ്ഞു. സജ്ജമാക്കിയത് ഹൈടെക് സൗകര്യങ്ങൾ സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യങ്ങളാണ് പൊന്നാനി മാതൃ ‐ ശിശു ആശുപത്രിയിൽ. 23 കോടി ചെലവഴിച്ചാണ് നിർമാണം. 85 തസ്തികയാണ് സർക്കാർ ഒറ്റയടിക്ക് അനുവദിച്ചത്. 27 ഡോക്ടർമാർ, 27 സ്റ്റാഫ് നേഴ്സ്, അഞ്ച് ഹെഡ് നേഴ്സ്, രണ്ട് നേഴ്സിങ‌് സൂപ്രണ്ട്, രണ്ട് ഫാർമസിസ്റ്റ്, ഒരു സ്റ്റോർ കീപ്പർ, സൂപ്രണ്ട്, രണ്ട് റേഡിയോഗ്രാഫർ, രണ്ട് ലാബ് ടെക്നീഷ്യൻ, അഞ്ച് നേഴ്സിങ‌് അസിസ്റ്റന്റ്, 10 അറ്റൻഡർ, നാല് ക്ലർക്ക്, ഒരു ഹെഡ് ക്ലർക്ക്, ഓഫീസ് അറ്റൻഡർ, ഓഫീസ് സെക്രട്ടറി തുടങ്ങിയ പോസ്റ്റുകളാണ് അനുവദിച്ചത്. കിടത്തിചികിത്സയ്ക്കായി 150 കിടക്കകൾ, ആധുനിക രീതിയിലുള്ള ശീതീകരിച്ച ഓപറേഷൻ തിയറ്ററുകൾ, പോസ്റ്റ് ഓപറേറ്റീവ് വാർഡുകൾ, സെൻട്രലൈസ്ഡ് മെഡിക്കൽ ഗ്യാസ് സിസ്റ്റം, ലബോറട്ടറി, സ്കാനിങ‌്, ഫാർമസി, എക്സറേ, കാരുണ്യ ഫാർമസി, കാന്റീൻ എന്നിവ സജ്ജമാക്കി. പാലോളി മുഹമ്മദ്കുട്ടി മന്ത്രിയായിരിക്കെ 2009ൽ ആശുപത്രിക്ക് 7.30 ലക്ഷം അനുവദിച്ചതോടെയാണ് പൊന്നാനിയുടെ സ്വപ്നങ്ങൾക്ക് ചിറകുമുളച്ചത്. തുടർന്ന് 2010ൽ ആരോഗ്യ മന്ത്രിയായിരുന്ന പി കെ ശ്രീമതി നിർമാണോദ്ഘാടനം നിർവഹിച്ചു. 2013ൽ പ്രവർത്തനങ്ങൾക്കായി 3.60 കോടിയും അനുവദിച്ചു. സ‌്പീക്കറുടെ ഇടപെടലിലൂടെ 2017ൽ 3.30 കോടിയും സർക്കാർ അനുവദിച്ചതോടെ പ്രവൃത്തിക്ക‌് വേഗംകൂടി.
Advertisemen