Advertisemen
അരുവിക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം നിർവഹിച്ച കുപ്പിവെള്ള പ്ലാന്റ്
തിരുവനന്തപുരം എൽഡിഎഫ് സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിലുൾപ്പെടുത്തിയ അരുവിക്കര കുപ്പിവെള്ള പ്ലാന്റ് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി ഉദ്‌ഘാടനം ചെയ്തു. കേരളത്തിലെ പൊതുമേഖലയിൽ സ്ഥാപിക്കുന്ന രണ്ടാമത്തെ കുപ്പിവെള്ള നിർമാണ യൂണിറ്റാണിത്. അരുവിക്കരയിലെ ഹില്ലി അക്വാ പ്ലാന്റ് വളപ്പിൽ നടന്ന ചടങ്ങിൽ മന്ത്രി കെ കൃഷ്‌ണൻകുട്ടി അധ്യക്ഷനായി. കെ എസ് ശബരിനാഥൻ എംഎൽഎ ആദ്യ വിൽപ്പന നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ഡോ. ഷൈജു ഏറ്റുവാങ്ങി. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി അമ്പിളി, അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു, ജില്ലാ പഞ്ചായത്ത് മെമ്പർ വെള്ളനാട് ശശി, അരുവിക്കര പഞ്ചായത്ത് മെമ്പർ ഗീതാ ഹരികുമാർ, കെഐഐഡിസി മാനേജിങ് ഡയറക്ടർ എൻ പ്രശാന്ത്, ചീഫ് എൻജിനിയർ ടെറൻസ് ആന്റണി, ഫിനാൻസ് മാനേജർ സോമശേഖരൻനായർ എന്നിവർ സംസാരിച്ചു. 20 ലിറ്ററിന് 60 രൂപ സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കുന്ന പദ്ധതിയാണ് അരുവിക്കര ട്രീറ്റ്‌മെന്റ് പ്ലാന്റ്. കേരളത്തിലെ പൊതുമേഖലയിൽ സ്ഥാപിക്കുന്ന രണ്ടാമത്തെ കുപ്പിവെള്ള നിർമാണ യൂണിറ്റാണിത്. ഇവിടെ ഉൽപാദിപ്പിക്കുന്ന വെള്ളം വിവിധ ശുദ്ധീകരണ പ്രക്രിയക്ക് ശേഷമാണ് കുപ്പികളിലാക്കുന്നത്. സാൻഡ് ഫിൽട്രേഷൻ, കാർബൺ ഫിൽട്രേഷൻ, മൈക്രോ ഫിൽട്രേഷൻ, അൾട്രാ ഒക്‌സിഡൈസേഷൻ എന്നിവയാണ് ശുദ്ധീകരണ പ്രക്രിയകൾ. കുപ്പികളും ഇവിടെ തന്നെയാണ് നിർമിക്കുന്നത്. മൂന്ന് പ്രൊഡക്ഷൻ ലൈനാണ് ഈ പ്ലാന്റുകളിലുള്ളത്. ഇതിലൊരെണ്ണം 20 ലിറ്റർ കുപ്പിവെള്ളം നിർമിക്കുന്നതിനും മറ്റ് രണ്ടെണ്ണം ഒരു ലിറ്റർ, രണ്ട് ലിറ്റർ, അര ലിറ്റർ കുപ്പിവെള്ളം നിർമിക്കുന്നതിനുമാണ്. പ്രതിദിനം 20 ലിറ്ററിന്റെ 2720 കുപ്പി നിറയ്ക്കാൻ ശേഷിയുള്ള അത്യാധുനിക യന്ത്രസംവിധാനമാണ് സ്ഥാപിച്ചിട്ടുള്ളത്. മറ്റു രണ്ട് ലൈനിൽ ഓരോന്നിലും മണിക്കൂറിൽ 3600 കുപ്പിവെള്ളം നിർമിക്കാനാകും. ആദ്യഘട്ടമെന്ന നിലയിൽ 20 ലിറ്റർ കുപ്പിവെള്ളം 60 രൂപ നിരക്കിൽ വിപണിയിലെത്തിക്കും. ഇതിന്റെ വിതരണത്തിനും മാർക്കറ്റിങ്ങിനുമായി തിരുവനന്തപുരം കുടുംബശ്രീ ജില്ലാ ടീമിന്റെ നേതൃത്വത്തിൽ സാന്ത്വനമെന്ന പേരിൽ ആറുപേരടങ്ങുന്ന ഗ്രൂപ്പിനെ നിയോഗിച്ചിട്ടുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള പ്ലാന്റിൽനിന്ന് ലഭ്യമാകുന്ന ഗുണമേന്മയുള്ളതും വിലക്കുറവുള്ളതുമായ കുപ്പിവെള്ളത്തിന് ഇപ്പോൾ തന്നെ ആവശ്യക്കാരേറെയാണ്. ഇതിന് അനുസൃതമായ രീതിയിൽ ഉൽപാദനം വർധിപ്പിക്കുന്നതിനും വിതരണം നടത്തുന്നതിനും സർക്കാർ ആലോചിച്ചിട്ടുണ്ട്
Advertisemen