എലത്തൂർ: വടക്കേ മലബാറിലെ റോഡ് ഗതാഗത ചരിത്രത്തിലെ തിളക്കമാർന്ന ഏടുകളിൽ ഒന്നായിരുന്ന കോരപ്പുഴ പഴയപാലം ഇനി ചരിത്രം. നിർമാണം പൂർത്തിയായ പുതിയ പാലം ഫെബ്രുവരി 17-ന് വൈകുന്നേരം 5-ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ തുറന്നുകൊടുത്തു.. മന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷനായി
5.5 മീറ്റർ വീതിയിലുള്ള പഴയപാലം പൊളിച്ചാണ് ഇരുകരയിലും പുഴയിലുമായി എട്ട് തൂണുകളിൽ പുതിയ പാലം പണിതത്. 12 മീറ്റർ വീതിയും 32 മീറ്റർ നീളവുമാണ് പാലത്തിനുള്ളത്. 7.5 മീറ്റർ റോഡും ഒന്നരമീറ്റർ വീതിയിൽ ഇരുവശങ്ങളിലായി നടപ്പാതയും നിർമിച്ചു.
മന്ത്രി എ.കെ. ശശീന്ദ്രന്റെ ഇടപെടലിനെത്തുടർന്ന് കിഫ്ബി 26 കോടിയാണ് പാലം നിർമാണത്തിന് അനുവദിച്ചത്.
1937 മേയിൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡൻറായി കേളപ്പജി ചുമതലയേറ്റശേഷം നിർമിച്ച പഴയപാലം 2018 ഡിസംബറിലാണ് പൊളിച്ചുമാറ്റിയത്. മേയ് ആദ്യമാണ് പുനർനിർമാണം ആരംഭിച്ചത്.
80-ലേറെ വർഷം കാര്യമായ ബലക്ഷയമില്ലാതെ നിലനിന്ന പാലം ചെന്നൈയിലെ ഗാനൻ ഡങ്കർലി കമ്പനിയായിരുന്നു നിർമിച്ചത്.
2,84,600 രൂപയായിരുന്നു പാലത്തിന്റെ അന്നത്തെ നിർമാണ ചെലവ്. പ്രളയവും കോവിഡും തീർത്ത തടസ്സങ്ങളെ കൂടുതൽ തൊഴിൽദിനങ്ങളിലൂടെ മറികടന്നാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പുതിയ പാലത്തിന്റെ പ്രവൃത്തി പൂർത്തീകരിച്ചത്.