പെരുമ്പാവൂർ ∙ അസംഘടിത മേഖലയിലെ വരുമാനം കുറഞ്ഞ തൊഴിലാളികൾക്കും ജോലിക്കാർക്കും മിതമായ നിരക്കിൽ അപ്പാർട്മെന്റുകൾ നൽകുന്നതിനായി സർക്കാർ ആവിഷ്കരിച്ച ജനനി പാർപ്പിട പദ്ധതിയിൽ പോഞ്ഞാശേരി സ്കീമിൽ (ഹിൽവ്യു) പൂർത്തിയായ ആദ്യ ടവറിന്റെ ഉദ്ഘാടനം 13നു 12.30നു മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും. ഭവനം ഫൗണ്ടേഷൻ കേരള വഴി 16 കോടി രൂപ ചെലവിലാണു പദ്ധതി നടപ്പാക്കുന്നത്. 74 ഫ്ലാറ്റുകൾ ആണ് ആദ്യത്തെ ടവറിലുള്ളത്. 2 കിടപ്പു മുറികളും ഹാളും അടുക്കളയും അടങ്ങുന്ന 715 ചതുരശ്രയടിയാണ് ഓരോ ഫ്ലാറ്റിന്റെയും വിസ്തീർണം.
ജനറേറ്റർ, ഖരമാലിന്യ സംസ്കരണ പ്ലാന്റ്, പാർക്കിങ് സൗകര്യം, ലിഫ്റ്റ് എന്നിവ അടക്കം ആധുനിക സംവിധാനങ്ങളുണ്ടാകും. 12 നിലകളുള്ള 4 ടവറുകൾ ആണു ലക്ഷ്യമിട്ടിരിക്കുന്നത്. രണ്ടാമത്തെ ടവറിന്റെ ശിലാസ്ഥാപനവും ഇതോടൊപ്പം നടത്തും. 4 ടവറുകളിലായി 296 കുടുംബങ്ങൾക്കാണു താമസ സൗകര്യം ലഭിക്കുക. 64 കോടി രൂപ ചെലവിൽ 2.20 ഏക്കറിലാണു പദ്ധതി. കുറഞ്ഞ തുകയിൽ ഫ്ലാറ്റുകൾ സ്വന്തമാക്കാം. ഗുണഭോക്താക്കളെ തിരഞ്ഞെടുത്തു ബാങ്ക് വായ്പ ലഭ്യമാക്കും.
കേരള സർക്കാരിന്റെ നൈപുണ്യ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണു ഭവനം ഫൗണ്ടേഷൻ കേരള. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുമ്പോൾ വെങ്ങോല പഞ്ചായത്തിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്കു മുൻഗണന നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. വെങ്ങോല പഞ്ചായത്തിൽ ലൈഫ് പദ്ധതിയുടെ ഭൂരഹിത ഭവനരഹിതരുടെ പട്ടികയിൽ 435 പേരുണ്ട്. ഇവരിൽ അർഹതയുള്ളവരെ പരിഗണിക്കണമെന്നാണ് ആവശ്യം. ഉദ്ഘാടന ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എംപി പ്രസംഗിക്കും.