
പത്തനംതിട്ട : തിരുവല്ല ഇടിഞ്ഞില്ലംകാവുംഭാഗം റോഡിലെ പ്രധാന പാലമായ ഇടിഞ്ഞില്ലം പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു. അഡ്വ. മാത്യു ടി തോമസ് എം.എല്‍.എ നാടമുറിച്ച് തുറന്നുകൊടുത്ത പാലത്തിലൂടെയുള്ള ആദ്യ യാത്രയും അദ്ദേഹം നടത്തി.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നു കോടി രൂപയ്ക്കാണ് ഇടിഞ്ഞില്ലം പാലം നിര്‍മ്മിച്ചിരിക്കുന്നത്. ജൂണ്‍ മാസത്തില്‍ ആരംഭിച്ച പാലത്തിന്റെ പുനര്‍നിര്‍മ്മാണം വളരെ വേഗത്തില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചതായി അഡ്വ.മാത്യു ടി തോമസ് എം.എല്‍ എ പറഞ്ഞു.
ഇടിഞ്ഞില്ലം മുതല്‍ കാവുംഭാഗം വരെ അഞ്ച് കിലോമീറ്റര്‍ റോഡിനു വീതി കൂടുതല്‍ ലഭിക്കുന്നതിന് നിരവധിപേര്‍ ഭൂമി സൗജന്യമായി വിട്ടു നല്‍കിയിട്ടുണ്ട്. പൊളിച്ച മതിലുകള്‍ക്ക് പകരം കിഫ്ബി ഫണ്ട് ഉപയോഗിച്ച് തന്നെ പുതിയ മതില്‍ നിര്‍മിച്ച് നല്‍കുന്നുണ്ട്. ബിഎംബിസി നിലവാരത്തില്‍ നിര്‍മ്മിക്കുന്ന റോഡിന്റെ ടാറിംഗ് മുതലായ ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ട്. ചങ്ങനാശേരി ഭാഗത്തു നിന്നും തിരുവല്ലയുടെ പടിഞ്ഞാറ് ഭാഗത്തേക്ക് പോകുന്നതിനുള്ള എളുപ്പവഴിയായി ഈ റോഡ് പൂര്‍ത്തിയാകുമ്പോള്‍ മറ്റൊരു ബൈപ്പാസിന്റെ ഗുണം ചെയ്യുമെന്നും ടൗണില്‍ തിരക്ക് കുറയുമെന്നും എം എല്‍എ പറഞ്ഞു.
31 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലത്തിന്റെ 7.5 മീറ്റര്‍ റോഡും 1.75 മീറ്റര്‍ വീതം ഇരുവശങ്ങളില്‍ ഫുട്പാത്തും നിര്‍മ്മിച്ചിട്ടുണ്ട്. ഫൂട്പാത്തിനടിയില്‍ പൈപ്പുകളും കേബിളുകളും ഇടുന്നതിനായുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 10 മീറ്റര്‍ വീതമുള്ള മൂന്നു സ്പാനുകളാണ് പാലത്തിനുള്ളത്. പാലത്തിനടിയിലൂടെ നാവിഗേഷന്‍ സാധ്യമാകുന്ന രീതിയിലാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. കാവുംഭാഗം ഇടിഞ്ഞില്ലം റോഡിന്റെ നിര്‍മ്മാണം പൂര്‍ണമായും തീര്‍ന്നിട്ടില്ലെങ്കിലും സമാന്തര പാതയില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടതിനാലാണ് പുതിയ പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തത്.തിരുവല്ല- കായംകുളം റോഡില്‍ കാവുംഭാഗത്തിനെയും തിരുവല്ല ചങ്ങനാശേരി റോഡില്‍ ഇടിഞ്ഞില്ലത്തിനേയും ബന്ധിപ്പിക്കുന്നതാണു കാവുംഭാഗം ഇടിഞ്ഞില്ലം റോഡ്.