പുത്തൂരിലെ 388 ഏക്കർ സ്ഥലത്ത് 360 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന സുവോളജിക്കൽ പാർക്കിന്റെ ഒന്നാംഘട്ടം 13 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് നാലിന് പുത്തൂർ സുവോളജിക്കൽ പാർക്കിൽ നടക്കുന്ന ചടങ്ങിൽ വനംമന്ത്രി അഡ്വ. കെ രാജു അധ്യക്ഷത വഹിക്കും.
നൂറ്റാണ്ടിലേറെ പഴക്കമുള്ള തൃശൂർ മൃഗശാലയിലെ മൃഗങ്ങളെ മാറ്റി പാർപ്പിക്കുന്നതിനാണ് അന്താരാഷ്ട്ര നിലവാരത്തിൽ സുവോളജിക്കൽ പാർക്ക് നിർമ്മിക്കുന്നത്. മൃഗങ്ങളുടെയും പക്ഷികളുടെയും സ്വാഭാവിക ആവാസ വ്യവസ്ഥ പുനഃസൃഷ്ടിച്ച് ലോക പ്രശസ്ത മൃഗശാല ഡിസൈനർ ജോൻ കോ രൂപകൽപന ചെയ്ത മൃഗശാല അന്താരാഷ്ട്ര നിലവാരത്തിലുള്ളതും ഇത്തരത്തിൽ രാജ്യത്തെ ആദ്യത്തേതുമാണ്. മൂന്ന് ഘട്ടങ്ങളിലായി നിർമ്മാണം പുരോഗമിക്കുന്ന സുവോളജിക്കൽ പാർക്കിന്റെ ആദ്യഘട്ടമാണ് പൂർത്തിയായത്.
ചടങ്ങിൽ ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ എ സി മൊയ്തീൻ, വി എസ് സുനിൽ കുമാർ, ടി എൻ പ്രതാപൻ എംപി, എംഎൽഎ മാരായ അഡ്വ. കെ രാജൻ, യു ആർ പ്രദീപ്, കെ വി അബ്ദുൽ ഖാദർ, മുരളി പെരുനെല്ലി, അനിൽ അക്കര, ഗീതാഗോപി, ഇ ടി ടൈസൻ, കെ യു അരുണൻ, ബി ഡി ദേവസ്സി, വി ആർ സുനിൽ കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് തുടങ്ങിയവർ പങ്കെടുക്കും.