കോന്നി ഗവ. മെഡിക്കല്‍ കോളേജിലെ ഒപി വിഭാഗം 2020 സെപ്റ്റംബര്‍ 14 തിങ്കളാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചു.
പത്തനംതിട്ട ജില്ലയുടേയും സമീപ ജില്ലകളിലെയും ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ കോന്നി മെഡിക്കല്‍ കോളേജ് ഒരു മുതല്‍ക്കൂട്ടായി മാറും. ശബരിമലയില്‍ നിന്നും വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന മെഡിക്കല്‍ കോളേജ് എന്ന പ്രത്യേകതയും കോന്നിക്കുണ്ട്.
കോന്നി നിയോജക മണ്ഡലത്തില്‍ അരുവാപ്പുലം പഞ്ചായത്തിലാണ് മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്നത്. റവന്യൂ വകുപ്പില്‍ നിന്നും ലഭ്യമായ 50 ഏക്കര്‍ ഭൂമിയിൽ ആശുപത്രി മന്ദിരവും അക്കാദമിക് ബ്ലോക്കും ഉള്‍പ്പെടെ 49,200 സ്‌ക്വയര്‍ മീറ്റര്‍ കെട്ടിട നിർമ്മാണമാണ് പൂർത്തീകരിച്ചത്.
കോവിഡിന്റെ പ്രതികൂലമായ സാഹചര്യമാണ് രാജ്യത്തൊട്ടാകെ നിലനില്‍ക്കുന്നത്. ഇതിനെ നേരിടാനുള്ള പോരാട്ടത്തിലാണ് ആരോഗ്യമേഖല. കോന്നി ഗവ. മെഡിക്കല്‍ കോളേജിലെ ഒ പി വിഭാഗം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കോവിഡിനെതിരെ പോരാട്ടത്തിന് കൂടുതല്‍ കരുത്ത് പകരും. ഉദ്ഘാടന ചടങ്ങ് പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും നടക്കുക.