തൊഴിലിനും പഠനത്തിനും താല്‍ക്കാലികമായ പരിശീലനങ്ങള്‍ക്കുമായി ധാരാളം പട്ടികവര്‍ഗ്ഗ യുവതീ-യുവാക്കള്‍ കൊച്ചി നഗരത്തില്‍ എത്തുന്നുണ്ട്. എന്നാല്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ച് പഠിക്കാന്‍ ഇന്നലെ വരെ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു. സ്വകാര്യ സ്ഥാപനങ്ങളില്‍ താമസിച്ചുപഠിക്കാനുള്ള സാമ്പത്തിക ശേഷി ഉള്ളവരല്ല, വിദ്യാഭ്യാസവും തൊഴിലും നേടാനുള്ള ആഗ്രഹം മാത്രം കൈമുതലാക്കി നഗരത്തിലെത്തുന്നവരാണ് ഇവര്‍. കൊച്ചിയിലും സമീപപ്രദേശങ്ങളിലും പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കുന്നതിനുള്ള പോസ്റ്റ്മട്രിക് ഹോസ്റ്റലുകള്‍ പരിമിതമായിരുന്നു ഇന്നലെ വരെ. എന്നാല്‍ ഈ സര്‍ക്കാര്‍ അതിന് മാറ്റം വരുത്തുകയാണ്.
ആദ്യഘട്ടമായി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്നതിന് 4500 രൂപ അനുവദിച്ചു. തുടര്‍ന്ന് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായി താമസിച്ച് പഠിക്കുന്നതിനുള്ള സൗകര്യം എന്ന നിലയില്‍ മള്‍ട്ടിപ്പര്‍പ്പസ് ഹോസ്റ്റലുകള്‍ ആരംഭിക്കാന്‍ നടപടി ആരംഭിച്ചു.
കൊച്ചി ഫോര്‍ഷോര്‍ റോഡിലെ ഗോത്ര സാംസ്കാരിക കേന്ദ്രത്തിന് സമീപത്തും മാറമ്പള്ളിയിലുമാണ് രണ്ട് മള്‍ട്ടി പര്‍പ്പസ് ഹോസ്റ്റലുകള്‍ പണിയുന്നത്. ഇതില്‍ ഫോര്‍ഷോര്‍ റോഡില്‍ പെണ്‍കുട്ടികള്‍ക്കായി ആരംഭിച്ച ഹോസ്റ്റല്‍ തുറന്നുകൊടുത്തു. മാറമ്പള്ളിയില്‍ ആരംഭിക്കുന്ന ഹോസ്റ്റലിന്‍റെ പണികള്‍ പൂര്‍ത്തിയായി വരികയാണ്.
നിലവില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ 9 പോസ്റ്റ് മട്രിക് ഹോസ്റ്റലുകളാണുള്ളത്. അതില്‍ ആറും ഈ സര്‍ക്കാര്‍ അനുവദിച്ചതാണ്. പുതുതായി ഏഴ് പോസ്റ്റ്മട്രിക് ഹോസ്റ്റല്‍ കൂടി ആരംഭിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം, അട്ടപ്പാടി, പാലക്കാട്, കണ്ണൂര്‍, വയനാട് എന്നിവിടങ്ങളില്‍ ഒന്ന് വീതവും കോഴിക്കോട് രണ്ടും ഹോസ്റ്റലുകളാണ് ആരംഭിക്കുന്നത്. എറണാകുളം ജില്ലയില്‍ തന്നെ നേര്യമംഗലത്ത് ഒരു പോസ്റ്റ്മട്രിക് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിനുള്ള ഭരണാനുമതിയും നല്‍കിയിട്ടുണ്ട്.
വിദ്യാഭ്യാസപരമായ ഉന്നതിയാണ് പട്ടികവര്‍ഗ്ഗ വിഭാഗത്തിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ ആധാരം. അസൗകര്യത്തിന്‍റെ പേരില്‍ ഒരു പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥിക്ക് പോലും വിദ്യാഭ്യാസം നിഷേധിക്കപ്പെടരുത് എന്നതാണ് ഈ സര്‍ക്കാരിന്‍റെ നയം.